Tuesday, May 27, 2008

സമയോചിതം

വീടു നിറയെ നാഴികമണികള്‍.

കല്യാണം കഴിച്ചപ്പോഴും, വീടു മാറിയപ്പോഴും, കുട്ടികളുണ്ടായപ്പോഴും, ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഈദിനുമെല്ലാം ചെറുതും വലുതുമായ ഒട്ടേറെ ഘടികാരങ്ങള്‍.

‍അടുക്കളയില്‍ കുക്കിങ് റേഞ്ചിനു മുമ്പില്‍ സമയം നോക്കി പാചകം ചെയ്യാം. മസാലപ്പൊടികളെടുക്കാന്‍ തിരിഞ്ഞു നിന്നാല്‍, അവിടെയും കഴുത്തു ചെരിക്കാതെ സമയമറിയാം. വാഷിങ് മെഷീന്റെ മുമ്പിലും സമയം നോക്കാം. ടീവിക്കു മുകളില്‍ കൃത്യമായി സമയം നോക്കി പ്രോഗ്രാം കാണാം.

കുളിമുറിയില്‍.... കിടപ്പുമുറിയില്‍...എന്തിന്‌, ബാല്‍ക്കണിയില്‍പ്പോലും കൃത്യനിഷ്ഠ.

ഓഫീസിലേക്കു കൃത്യസമയത്തെത്താന്‍ അര മണിക്കൂര്‍ കൂട്ടിവച്ച ക്ലോക്കും അതിനിടെയുണ്ടായിരുന്നു.

ആദ്യത്തെ ബാറ്ററി വാങ്ങല്‍ ത്രില്ലുകളവസാനിക്കുമ്പോള്‍, ഇന്നിപ്പോള്‍ പലതും പലസമയത്തായി മരിച്ചിരിക്കുന്നു.
ചുരുക്കത്തില്‍, ലോകം മുഴുവന്‍ പലസമയം കാണിച്ച്‌ ഇപ്പോഴും എന്റെ വീട്ടില്‍ 'സമയം' ജീവിച്ചിരിക്കുന്നു എന്നൊക്കെ വേണമെങ്കില്‍ പറയാം.
അങ്ങനെ മരണം ജീവനു തുല്യമാകുന്നു. ഞാന്‍ യൂണിവേഴ്സലി കോമ്പാറ്റിബിളും.
പകുതി അടച്ച വാതില്‍ പകുതി തുറന്നതിനു തുല്യമാകുമ്പോള്‍, മുഴുവനായി അടച്ച വാതില്‍ മുഴുവനായി തുറന്നതിനു തുല്യമല്ലേ എന്നെന്റെ സുഹൃത്ത് ചോദിക്കുന്നതു പോലെ, പകുതി നിറഞ്ഞ ഗ്ലാസ് പകുതി കാലിയാകുന്നു.
അതിനാല്‍ ഞാനെന്റെ നിറഞ്ഞ ഗ്ലാസ്സുകള്‍ കാലിയാക്കുന്നു.

അപ്പോഴൊക്കെ ഞാന്‍ സ്ഥാപിക്കുകയായിരുന്നു, എന്റെ ചത്ത നാഴികമണികള്‍ എപ്പോഴും ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ ജീവിച്ചിരിക്കുന്നെന്ന്‌.