Monday, November 3, 2008

പൂച്ചയ്ക്കും പ്രാണവേദന...


കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല.

കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.

ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"

കചന്‍ നാടു വിട്ടെന്നു കേള്‍വി.

പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.

(ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര്‍ ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണീയങ്ങളായ പേരുകളിട്ടിരുന്നത് !)‌ ‍

//രാം മോഹന്‍ പാലിയത്തിന്റെ 'മ്യാവൂ'വിനു്‌ അനുബന്ധകമാണിതു്‌.//

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

പൂച്ചയുടെ കഥ മനോഹരം. എനിക്ക് പൂച്ചകളോടും പട്ടികളോടും ഇഷ്ടമാ. പക്ഷെ ഞാന്‍ ഏതെങ്കിലും ഒരു ദിവസം വീട് വിട്ട് നിന്നാ അവറ്റകളെ പട്ടിണിക്കിടും എന്റെ ബീനാമ്മ. അതിനാല്‍ പട്ടിയെ ഒരാള്‍ക്ക് നന്നാക്കാന്‍ കൊടുത്തു.
ഞാന്‍ എന്റെ പെണ്ണിനോട് പറഞ്ഞു പോയി ഓളുടെ കുടീല് പോയി പാര്‍ക്കാന്‍. അപ്പോ എനിക്ക് വേറെ ഒരു പെണ്ണിനെ കെട്ടാലോ. അപ്പോ ആ പെണ്ണ് എന്റെ പൂച്ചക്കുട്ട്യോളേം, നായക്കുട്ട്യോളേം നോക്കിക്കൊള്ളും.
വീട്ടിലെ പെണ്ണുങ്ങള്‍ക്ക് വയസ്സായാല്‍ ഇങ്ങിനെയാ.അവര്‍ക്ക് സീരിയല്‍ കാണാന്‍ എത്ര നേരം വേണമെങ്കിലും ഉണ്ട്.
ഇപ്പോള്‍ പറയാ മോന്റെ കല്യാണം അടുത്ത് വരുന്നു. മരുമകളോട് തര്‍ക്കിക്കാനുള്ള സ്പെഷല്‍ കാര്യങ്ങളൊക്കെ പഠിക്കുകയാണെന്ന്.
പിന്നെ പറയുകയാ മരുമകള്‍ വരുമ്പോള്‍ പൂച്ചയെയും, പട്ടിയേയു, വേണമെങ്കില്‍ രണ്ട് എരുമകളേയും വാങ്ങിക്കൊള്ളാന്‍.
എരുമപ്പാലു കൊണ്ടുള്ള ചായ നല്ല രസമാണത്രെ.
ഇനി മരുമകള്‍ വന്നിട്ട് അമ്മായിയമ്മയെ തല്ലിച്ചതച്ചാലോ എന്നാലോചിക്കയാണ്.
അപ്പോ എനിക്ക് പട്ടിയെ നോക്കുന്നതിലും പുലിവാലാകും എന്റെ കെട്ട്യോളെ നോക്കാം.

ചാരുദത്തനെന്ന സുഹൃത്തിന് അഭിവാദ്യങ്ങള്‍.
ചെറായില്‍ കാണുമല്ലോ.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

സ്നേഹമുള്ള പ്രകാശേട്ടന്‍,

കുറിപ്പിനു നന്ദി.