Saturday, August 13, 2011
നഗരഘോഷകന്‍
എഴുത്ത് : സുരേഷ് നെല്ലിക്കോട്
രേഖാചിത്രം : ബി. രാജന്‍
അഞ്ചു വര്‍ഷം മുമ്പ് നൈജല്‍, അയര്‍ലന്‍ഡിലെ കഥകള്‍ പറഞ്ഞിരിക്കുന്ന ഒരു പ്രഭാതത്തിലാണ് ഗ്രാമത്തിലെ ഘോഷകനെ
(നഗരഘോഷകന്‍ - Town Crier) ക്കുറിച്ച് കേള്‍ക്കുന്നത്. തെംസ് തീരത്ത് അതിരാവിലെ തുടങ്ങിയ ഷൂട്ട്. ഇടക്കിടെ അരിച്ചിറങ്ങുന്ന മഴ. നാജി എന്ന ഇറാക്കി-ഇംഗ്ലീഷ്കാരന്‍റെ വീടാണ് ഷൂട്ടിംഗ് ലൊക്കേഷന്‍. എഗ്ലിംഗ്ടണിലെ ഈ വീട് ഒരുപാട് സിനിമകളില്‍ കയറിക്കൂടിയിട്ടുണ്ട്. തെംസ് വീതി കുറഞ്ഞ് ഒരു തോടു പോലെ ഒഴുകുന്നത് ഇവിടെയാണ്. നാജിയുടേത് എല്ലാ ആധുനികസൗകര്യങ്ങളുമുള്ള വീടാണ്. പുഴയ്ക്കപ്പുറം ബ്രിട്ടീഷ് രാജ്‌ഞിയുടെ കൊട്ടാരം വക, കുതിരസ്സവാരിക്കുള്ള സ്ഥലമാണ്. ഉല്ലാസനൗകകളില്‍ യാത്രക്കാര്‍ ഞങ്ങളെ നോക്കി കൈവീശി കടന്നു പോകുന്നു. ക്യാമറകളും, റിഫ്‌ളക്ടറുകളും, വിളക്കുകളുമൊക്കെ കാണുമ്പോള്‍ അവരും നല്ല ആകാംക്ഷയില്‍ പുറത്തേയ്ക്ക് തലയിട്ട് കൈകള്‍ വീശുന്നു. ഓരോ ഈരണ്ടു മിനിട്ടിലും ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ഉയരുന്ന വിമാനങ്ങള്‍ മാത്രമായിരുന്നു, ഞങ്ങളെ തുടര്‍ച്ചയായി അലോസരപ്പെടുത്തിക്കൊണ്ടിരുന്നത്. ചിത്രാഞ്‌ജലിയിലെ കൃഷ്ണകുമാര്‍ ഈ ശബ്ദത്തെ വേര്‍ തിരിച്ചെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. മഴ വരുമ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഞങ്ങളൊക്കെ നൈജലിന്റെ ശ്രോതാക്കളായി. അയാളാണെങ്കില്‍ നല്ല ഒരു കാഥികനും. (ഇരുപതോളം ഹിന്ദി സിനിമകളുടെ സഹനിര്‍മ്മാതാവ് കൂടിയാണ് ലണ്ടന്‍ നിവാസിയായ നൈജല്‍.) നോര്‍വ്വീജിയന്‍ നാടകകൃത്തായ ഹെന്‍റിക് ഇബ്സന്‍റെ 'മാസ്റ്റര്‍ ബില്‍ഡറെ' ആധാരമാക്കി കെ. പി. കുമാരന്‍ നിര്‍മ്മിക്കുന്ന 'ആകാശഗോപുര' മായിരുന്നു, രംഗം.
കൈയിലൊരു മണിയും കിലുക്കി ആടയാഭരണങ്ങളൊക്കെയണിഞ്ഞെത്തുന്ന നഗരഘോഷകനെ കണ്ടാല്‍ ഒരു കടല്‍ക്കൊള്ളക്കാരന്‍റെ ഛായയുണ്ടായിരുന്നെന്ന് നൈജല്‍ പറയുന്നത് എനിക്കോര്‍മ്മ വരുന്നു. അംശാധികാരികള്‍ ഏല്പ്പിച്ചു വിടുന്ന കരം സംബന്ധിയായ വാര്‍ത്തകള്‍ ഗ്രാമ നഗരവാസികളിലെത്തിക്കുക എന്നതായിരുന്നു പ്രധാനമായും നഗരഘോഷകന്‍റെ ചുമതല. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പാകത്തിനുള്ള വേഷങ്ങള്‍ അണിയേണ്ടത് ഇവരുടെ ചുമതലയാണ്. കൈയിലൊരു മണിയോ, തകരച്ചെണ്ടയോ ഉണ്ടാകും. അതിന്‍റെ ശബ്ദവും, വേഷവിധാനത്തിന്‍റെ ആകര്‍ഷണത്വവും ഗ്രാമ-നഗരവാസികളെ അയാളിലേക്കടുപ്പിക്കും. സാധാരണയായി മുക്കവലകളും, നാല്‍ക്കവലകളു മൊക്കെയാണ് ഈ ഘോഷകന്മാര്‍ അവരുടെ വാര്‍ത്താവിതരണത്തിനായി തെരഞ്ഞെടുക്കുക. ആളുകള്‍ അടുത്തുകൂടാനായി എന്തെങ്കിലുമൊക്കെ മനോധര്‍മ്മാഭിനയങ്ങള്‍ ഇക്കൂട്ടര്‍ പുറത്തെടുക്കും. ആളുകള്‍ കൂടിയാലുടനെ ഔദ്യോഗിക വാര്‍ത്തകള്‍ അറിയിച്ച്, വീണ്ടും ചെണ്ട കൊട്ടുകയോ മണി കിലുക്കുകയോ ചെയ്യും. പിന്നീട്, ആ പ്രദേശത്ത് നഗരഘോഷകന്‍ വന്നതായും വാര്‍ത്താവിളംബരം നടത്തിയതായും ഉള്ള തെളിവിനായി രണ്ട് പ്രമുഖ വ്യക്തികളുടെ വിരലടയാളങ്ങളും വാങ്ങി അയാള്‍ മടങ്ങും. ഇങ്ങനെയുള്ള ഒരു കാലം പഴയ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നതായാണ് നൈജല്‍ പറഞ്ഞു വന്നത്.
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പഴയകാലത്ത് നഗരഘോഷകര്‍ ഉണ്ടായിരുന്നതായി കാണാം. മെക്സിക്കന്‍ ഗ്രാമങ്ങളില്‍ പണ്ടുകാലത്ത് നഗരത്തില്‍ നിന്ന് ചിലപ്പോഴൊക്കെ ഘോഷകര്‍ വന്നിരുന്നതായി എന്‍റെ വകുപ്പില്‍ തന്നെ അദ്ധ്യാപകനായ മൈക്കല്‍ പറയുകയുണ്ടായി. മൈക്കലിന്‍റെ മുത്തശ്ശി നിരക്ഷരയായിരുന്നെങ്കിലും, അയാളുടെ ചെറുപ്പകാലം ഇത്തരം ഒട്ടേറെ മെക്സിക്കന്‍ കഥകളാല്‍ സമ്പന്നമായിരുന്നു. ചിലപ്പോഴൊക്കെ കാല്‍നടയായും കുതിരവണ്ടിയിലുമൊക്കെയായി പരിവാരസമേതം വന്ന് വാര്‍ത്തകള്‍ അവതരിപ്പിച്ചു പോകുന്ന നഗരഘോഷകന്‍റെ ഒരു മാഞ്ഞുതുടങ്ങിയ ചിത്രം ഞാനാണ് അയാളുടെ ഉള്ളില്‍ നിന്ന് തുട ച്ചുമിനുക്കിയതെന്ന് മൈക്കല്‍ എന്നോടു പറഞ്ഞു.
ഞങ്ങളുടെ കാളികാവിലും നഗരഘോഷകന്‍ സമ്പന്നമാക്കിയ ഒരു പഴയകാലം ഉണ്ടായിരുന്നു. പപ്പനാവന്‍ ആയിരുന്നു, കഥാപാത്രം. വേലന്‍ പപ്പനാവന്‍ എന്നു പറഞ്ഞാല്‍ പെട്ടെന്ന് ജനങ്ങള്‍ക്കോര്‍മ്മ വരും. മീനച്ചില്‍ താലൂക്ക് അധികാരികള്‍ വഴി പ്രവര്‍ത്തിയാരാപ്പീസിലെത്തുന്ന കരം സംബന്ധിയായ വാത്തകളാണ് പ്ര ധാനമായും പപ്പനാവന്‍ അവതരിപ്പിച്ചു കൊണ്ടിരുന്നത്. ഒരു തരം പാര്‍ട്ട് ടൈം ഉദ്യോഗം. വര്‍ഷത്തില്‍ നാലോ അഞ്ചോ പ്രാവശ്യം മാത്രം വേണ്ടിവരുന്ന ഒരു തല്‍ക്കാലിക ജീവനക്കാരന്‍റെ ഈ പണി അതിയായ സന്തോഷത്തിലാണ് അദ്ദേഹം ചെയ്തിരുന്നത്. നീട്ടിവളര്‍ത്തിയ മുടി, പപ്പനാവന്‍ ഒരു വെളിച്ചപ്പാടിനേപ്പോലെ ഇടയ്ക്കിടെ തലവെട്ടിച്ച് പിന്നിലേയ്ക്കാക്കുന്നത് എന്‍റെ ഓര്‍മ്മയില്‍ വളരെ കൃത്യമായി തങ്ങിനില്‍ക്കുന്നുണ്ട്. വില്ലേജാപ്പീസില്‍ നിന്ന് തീട്ടൂരമെത്തിയാലുടനെ, സാധാരണ ചെയ്യാറുള്ള ചുണ്ണാമ്പു പണിയൊക്കെ നിറുത്തി, പപ്പനാവനിലേയ്ക്ക് നഗരഘോഷകന്‍ ആവേശിക്കുകയായി.എഴുതിയെടുക്കുമ്പോള്‍ അക്ഷരത്തെറ്റുകളുണ്ടെങ്കിലും വായനയില്‍ തെറ്റുവരുത്താറില്ല, പപ്പനാവന്‍. പലയാവൃത്തി വായിച്ചു മന:പാഠമാക്കിയ സര്‍ക്കാര്‍ ശാസനകള്‍ ജനങ്ങള്‍ക്കായി പുറപ്പെടുവിക്കാന്‍ വല്ലാത്ത ഒരു ആവേശം തന്നെയാണ്, പപ്പനാവന്. ചെണ്ട കൊട്ടി ജനങ്ങളെയൊക്കെ വിളിച്ചുവരുത്തിയ ശേഷം പപ്പനാവന്‍ ഏതാണ്ട് ഇപ്രകാരം പറയുന്നത് എനിക്കോര്‍മ്മ വരുന്നു.
''അഭിവന്ദ്യരായ മാലോകരേ, ഗ്രാമവാസികളേ....
ബഹുമാന്യനായ മീനച്ചില്‍ തഹസീല്‍ദാരദ്ദേഹം കുറവിലങ്ങാട് പ്രവര്‍ത്തിയാരാപ്പീസു വഴി അറിയിക്കുന്നതെന്തെന്നാല്‍ .....(ചെണ്ട കൊട്ടുന്നു)
ഈ ചിങ്ങമാസം മുപ്പതിനു മുമ്പായി സകലമാനപേരും തങ്ങളുടെ പേരിലുള്ള സ്ഥാവര സ്വത്തുക്കളിന്മേലുള്ള നികുതി അടച്ച് രശീതികള്‍ കൈപ്പറ്റേണ്ടതാണ്.
(വീണ്ടും ചെണ്ട....) -- തത്പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടാന്‍ സാദ്ധ്യതയുള്ളതുമാകുന്നു.'' (ചെണ്ട.....)
പിന്നെ, കേട്ടുനിന്നവരില്‍ രണ്ടാളുകളുടെ വിരലടയാളം പതിച്ച് സാക്ഷ്യവും വാങ്ങുന്നു.
ഇങ്ങനെ മൂന്നോ നാലോ പ്രാവശ്യം പല സ്ഥലത്തായി മാറി നിന്ന് വിളിച്ചുപറഞ്ഞതിനു ശേഷം അടുത്ത ലക്ഷ്യത്തിലേയ്ക്ക് പപ്പനാവന്‍ നീങ്ങുകയായി.
സര്‍ക്കാര്‍ ജോലി അവസാനിച്ചാലുടന്‍ പപ്പനാവന്‍ ചുണ്ണാമ്പു നിര്‍മ്മാണത്തിലേയ്ക്കും അതിന്റെ വിപണനത്തിലേയ്ക്കും ശ്രദ്ധ തിരിക്കും.
ചുണ്ണാമ്പുനിര്‍മ്മാണത്തിലെ ബോറടി ഒഴിവാക്കാനെന്നോണം ഇടയ്ക്ക് തങ്കം ടാക്കീസിലെ സിനിമാ പരസ്യങ്ങളിലേയ്ക്ക് പോകും. ഇത്താക്ക് ചേട്ടന്‍റെ കടയില്‍ നിന്ന് ഒരു ആപ്പ് ചായയും (Half Tea) കുടിച്ച് പിടിവണ്ടിയും സംഘടിപ്പിച്ചു വന്നാല്‍ അതെല്ലാം അലങ്കരിച്ച് ഭംഗിയാക്കേണ്ട ചുമതല പപ്പനാവന്‍റെയാണ്. പിടി വണ്ടി വലിക്കാനും സിനിമാ നോട്ടീസ് കൊടുക്കാനും ഓരോരുത്തരെ അയാള്‍ പിടികൂടും. അതിനാണെങ്കില്‍ എന്നും കുട്ടികള്‍ക്കിടയില്‍ കടിപിടിയാണ്. ചന്തയില്‍ കപ്പലണ്ടി വിറ്റോ, കടത്തിണ്ണകളില്‍ ചൊറികുത്തിയോ ഇരിക്കുന്ന കുട്ടികളില്‍ പലര്‍ക്കും പപ്പനാവന്‍റെ കൂടെക്കൂടാന്‍ സന്തോഷമേയുള്ളു. കുട്ടപ്പായിയുടെ ചായക്കടയില്‍നിന്ന് രണ്ടുനേരം പരിപ്പുവടയും ഉച്ചയ്ക്ക് ഒരൂണും വൈകിട്ട് സൗജന്യമായി ഒരു സിനിമയും എട്ടണ പോക്കറ്റ് മണിയും കിട്ടിയാല്‍ കപ്പലണ്ടിക്കച്ചവടത്തേക്കാള്‍ ലാഭമാണ്, കുട്ടികള്‍ക്ക്. പപ്പനാവന്‍റെ പണി, ചെണ്ടകൊട്ടും. രാവിലെ പത്തുമണിക്ക് പിടിവണ്ടിയുമായി ഇറങ്ങിയാല്‍ ഫസ്റ്റ് ഷോയ്ക്ക് മുമ്പായി പപ്പനാവനും പരിവാരങ്ങളും മടങ്ങിയെത്തി പരസ്പരം കണക്കുകള്‍ തീര്‍ത്ത് സിനിമ കാണാന്‍ തയ്യാറായി കൊട്ടകയുടെ പരിസരത്ത് ചുറ്റിത്തിരിയുന്നുണ്ടാകും.
കളത്തൂര്‍ സ്ക്കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം സ്ക്കൂള്‍ നേരത്തേ വിട്ടത് ഓര്‍മ്മ വരുന്നു. ഒരു സര്‍ക്കസ്സ് പ്രകടനമായിരുന്നു കാരണം. സര്‍ക്കസ്സുകാരനെ കണ്ടപ്പോള്‍ തന്നെ ഞാന്‍ എന്‍റെ കൂട്ടുകാരന്‍റെ ചെവിയില്‍ പറഞ്ഞു.
''ഈ ചേട്ടനെ എനിക്കറിയാം. നമ്മടെ അവടെയൊക്കെ ചെണ്ട കൊട്ടി വരുന്ന പപ്പനാവനാ അത്!''
കുറേ നേരം ഒറ്റച്ചക്രമുള്ള ഒരു സൈക്കിളില്‍ കയറി നടന്ന പപ്പനാവന്‍, തോളിലെ തോര്‍ത്തെടുത്ത് സ്കൂളിന്‍റെ ഉത്തരത്തില്‍ കൊളുത്തി ഒരു പങ്കയായി പുനര്‍ജ്ജനിച്ചു. നീണ്ട മുടിയില്‍ ഭാരം കെട്ടി വലിച്ചു.പിന്നെ, തീ വിഴുങ്ങി വിശപ്പടക്കി. ഞങ്ങളെല്ലാം നാലണ വീതം നല്‍കി പപ്പനാവനെ മടക്കി അയച്ചു.
ഈ പണികളൊന്നുമില്ലാത്തപ്പോള്‍, അത്യാവശ്യം കൂടോത്ര- മന്ത്രവാദ പരിപാടികളും പപ്പനാവന് ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. കറുത്തവാവിന്‍റെ രാത്രികളില്‍ ശരീരം മുഴുവന്‍ എണ്ണയില്‍ മുക്കിയെടുത്ത് ചില ഒടിവിദ്യകള്‍ പ്രയോഗിച്ചിരുന്നതായി പറയപ്പെടുന്നു. പിടി വീണപ്പോഴൊക്കെ പലപ്പോഴും ശരീരത്തിലെ എണ്ണയാണ് രക്ഷപ്പെടുത്തിയിരുന്നത്. പിന്നീട് വരുന്ന ഏത് അന്വേഷണങ്ങള്‍ക്ക് മുമ്പിലും 'ഞാനീ നാട്ടുകാരനേ ആയിരുന്നില്ല' എന്ന രീതിയില്‍ നിസ്സംഗനായിരുന്ന് ചുണ്ണമ്പു വാറ്റുന്ന പപ്പനാവനെ കാണാമായിരുന്നു.
എട്ടാം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ്, നമ്മുടെ വീട്ടില്‍ പണിക്കു വരുന്ന പാപ്പു എന്നോടു ചോദിച്ചു.
''കൊച്ചറിഞ്ഞോ, നമ്മുടെ പപ്പനാവനെ ലോറിക്കാരു പൊക്കിയത്?''
''ഇല്ല''.
''ആ... ഒരു ദിവസം രാത്രി വീടിന്‍റെ തിണ്ണേക്കെടന്നൊറങ്ങിയ പപ്പനാവനെ നേരം വെളുത്തപ്പ കാണാനില്ല. ചീരുത്തള്ളയാണെങ്കി..നെഞ്ചത്തടിച്ച് നെലവിളിയോട് നെലവിളി. ആള്‍ക്കാരെല്ലാം അങ്ങ കൂടീല്ലേ. തള്ള അലറി വിളിച്ചു. എന്‍റെ പപ്പാനാവന്‍ പോയ്യേ....ഇന്നലെയീ മൂധേവി അവനുമായി പാതിരായ്ക്ക് തല്ലുകൂടിയപ്പഴേ ഞാം വിചാരിച്ചതാ.... എന്‍റെ ചെക്കന്‍ പോയേ...... പപ്പനാവന്‍റെ കെട്ടിയോളാണെങ്കി ഒരു മൂലയ്ക്കിരുന്നു കരച്ചിലും പിഴിച്ചിലും. അയല്‍വക്കം മുഴുവന്‍ കെട്ടിയോളെ കുറ്റപ്പെടുത്തി. തലേന്ന് പാതിരാത്രിയ്ക്ക് 'മൂലവെട്ടി'യുമടിച്ച്, നാലുകാലില്‍ കയറി വന്ന പപ്പനാവനെ ഭാര്യ കൈയോടെ പിടി കൂടി. ഭാര്യയുടെ ചീത്തവിളിയില്‍ ശുണ്‌ഠി പിടിച്ച് പപ്പനാവന്‍ ഭക്ഷണമൊന്നും കഴിക്കാതെ വീടിന്‍റെ തിണ്ണയില്‍ കിടന്നുറങ്ങി. നേരം വെളുത്തപ്പോ.. ആളെ കാണാനുമില്ല. ആള്‍ക്കാരാണെങ്കില്‍ തരം പോലെ മസാല ചേര്‍ത്ത് രംഗമൊന്നു ചൂടാക്കി കൊഴുപ്പിച്ചു. കൊഴുക്കുന്തോറും ചീരുത്തള്ള നെഞ്ചത്തടിയും അലമുറയും അഞ്ചാം ഗിയറിലേയ്ക്ക് കയറ്റി. അങ്ങനെ എന്തു വേണ്ടൂ എന്നിങ്ങനെ വിചാരിച്ചിരിക്കുമ്പം അതാ ഒരാള്‍ മഞ്ഞുകാലത്ത് നടക്കുന്നതു പോലെ തലയില്‍ മുണ്ടിട്ട്, ഏന്തിയേന്തി വരുന്നു....
ആരാ..?''
''ആരാ?'' - ഞാന്‍ ചോദിച്ചു.
''നമ്മടെ പപ്പനാവന്‍ .... അല്ലാണ്ടാര്...?''
നാട്ടുകാര്‍ പപ്പനാവനെ ആണ്ടുപൂണ്ടു പിടിച്ചു.
പപ്പാനാവാ.... ഇതെന്തു പറ്റി?
പപ്പനാവന്‍ മിണ്ടുന്നില്ല.
നമ്മക്ക് പരിഹാരം ഉണ്ടാക്കാം. നീ എന്തു പറ്റീന്ന് കാര്യം പറ.
കഥാനായകന് ഇളക്കമില്ല. തള്ളയാണെങ്കില്‍ ഒരു കട്ട കൂട്ടിവച്ച് എണ്ണിപ്പാടാന്‍ തുടങ്ങി.
സംഗതി വഷളായേക്കുമെന്നും, തള്ളയുടെ ലക്ഷ്യം മരുമകളാണെന്നും, എല്ലാം തകിടം മറിഞ്ഞതിനു ശേഷം പുനപ്രതിഷ്ഠ അസാദ്ധ്യമായേക്കുമെന്നും തോന്നിയ നിമിഷം ഗത്യന്തരമില്ലാതെ പപ്പനാവന്‍ പറഞ്ഞു.
''ന്നെ.... ലോറിക്കാരു പൊക്കീതാ...''
''ച്ഛേ.....''
ആകാംക്ഷയുടെ ടയറുകളെല്ലാം പങ്ചറായത് ഒരുമിച്ചായിരുന്നു. പലരും അടുത്തു നിന്നവരുടെ ചെവികളില്‍ അടക്കം പറയാനും ചിരിക്കാനും തുടങ്ങി.... ചിലരൊക്കെ പിരിഞ്ഞു. ചിലരൊക്കെ ശേഷം ഭാഗം സ്ക്രീനില്‍ കാണാന്‍ കുറച്ചു കൂടി അടുത്തു നിന്നു.
വളരെ ചുരുക്കി പറഞ്ഞാല്‍, പുതച്ചു മൂടി തിണ്ണയില്‍ കിടന്നുറങ്ങിയ പപ്പാനാവനെ, നീളമുള്ള മുടി കണ്ട് ഒരു തെറ്റിദ്ധാരണയാല്‍ ലോറിക്കാരു വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയി. പപ്പനാവന്‍ ഉണര്‍ന്നപ്പോഴേയ്ക്കും ലോറി കുറവിലങ്ങാട് കഴിഞ്ഞ് കോഴായില്‍ എത്തിയിരുന്നു. ബഹളമുണ്ടാക്കിയപ്പോള്‍ ലോറി നിറുത്തി, പുറത്തിറക്കി. നടക്കാന്‍ തുടങ്ങിയപ്പോള്‍ നടുവിന് ഒരു തൊഴിയും കൊടുത്ത്, ലോറിക്കാര്‍ സ്ഥലം വിട്ടു. ഏന്തലിന്‍റെ തുടക്കം ആ വീഴ്ചയില്‍ നിന്നാണ്.
തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം പപ്പനാവന്‍ തലയില്‍ മുണ്ടുമിട്ട് വീട്ടില്‍ ത്തന്നെ കൂടിയതിന്‍റെ രഹസ്യം പിന്നീടാണ് നാട്ടുകാര്‍ക്കൊക്കെ മനസ്സിലായത്. അളിയന്‍ അപ്പായി സംഭവത്തിന്‍റെയന്ന് രാത്രി തന്നെ കവലയില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തുന്ന നീലാണ്ടനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, പപ്പനാവന്‍റെ തല ബലമായി മൊട്ടയടിപ്പിച്ചതിന്‍റെ ദു:ഖാചരണമായിരുന്നു, അത്.
കഥയങ്ങനെ കുറേ നീണ്ടുപോയി....
ഡേവിഡ് വോളിക് ആണ്, ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന ബര്‍ലിംഗ്ടണി
ലെ (കാനഡ) നഗരഘോഷകന്‍. ഭാര്യ ബാര്‍ബറ സഹയാത്രികയും. കോമ്പസ് പോയിന്‍റിലെ ബൈബിള്‍ പള്ളിയിലെ 'ക്രയര്‍' ആണ് അദ്ദേഹം. കുറച്ചുകൂടി വലിയ ഒരു 'ക്രയര്‍' ആകാനായിരുന്നു, അദ്ദേഹം വാര്‍ഡ് കൗണ്‍സിലര്‍ ആയ റിക് ക്രേവനോട് ഒരു 'നഗരഘോഷക'ന്‍റെ നിര്‍ദ്ദേശം വച്ചത്. അങ്ങനെ, നഗരപിതാവിന്‍റെയടുത്ത് ആ ഹര്‍ജിയെത്തി. കൗണ്‍സില്‍ കൂടി ഔദ്യോഗികമായി അപേക്ഷകള്‍ ക്ഷണിച്ചു. മറ്റാരും അപേക്ഷകരായി ഇല്ലാതിരുന്നതിനാല്‍ പണി ഡേവിഡിനു തന്നെ ലഭിച്ചു.
''ഒരു നിലവിളിക്കാരനാവാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. ദാറ്റ് വോസ് എ സിംഗിള്‍ ക്രൈ!'' - ഡേവിഡ് എന്നോട് പറഞ്ഞു.
സിനിമയിലും വീഡിയോ ചിത്രങ്ങളിലുമൊക്കെ കണ്ട അതേ രൂപവും ഭാവവും; കൊച്ചുകുട്ടികളില്‍ ചിലരൊക്കെ കരഞ്ഞു വിളിച്ചു.
''കടല്‍ക്കൊള്ളക്കാരന്‍!''
''ഇതാണോ ഒഫീഷ്യല്‍ ക്രയറിന്‍റെ ജോലി?'' ഞാന്‍ ചോദിച്ചത് കേട്ട് കൂടിനിന്ന ജനങ്ങളൊക്കെ ചിരിച്ചു. ഡേവിഡും കുടവയര്‍ കുലുക്കി ചിരിച്ചു. കരഞ്ഞ കുട്ടികള്‍ക്ക് കോലുമിഠായി കൊടുത്ത്, ഡേവിഡ് ഭയമകറ്റി. ഓടിക്കൂടിയ കുട്ടികളില്‍ ചിലരൊക്കെ ഡേവിഡിനെ തൊട്ടുനോക്കി. ചിലര്‍ കൂടെ നിന്ന് ചിത്രങ്ങളെടുക്കാന്‍ ഉത്സാഹം കാണിച്ചു.
റേഡിയോയും, ടെലിവിഷനും, പത്രങ്ങളും ഇല്ലാതിരുന്ന ഒരു കാലത്തേയ്ക്ക്, ഡേവിഡ് ഞങ്ങളെ കൊണ്ടുപോയി. നിരക്ഷരരുടെ ഒരു ജനപദത്തിലേയ്ക്ക് വാര്‍ത്തകള്‍ കൊണ്ടുവന്നിരുന്ന കുറേയാളുകള്‍. ക്ഷാമം, പട്ടിണി, യുദ്ധം, ഉത്സവം, കരം പിരിവ്, രാജശാസന - തുടങ്ങിയവയൊക്കെയായിരുന്നു, നഗരഘോഷകന്‍റെ 'അലര്‍ച്ചാവിഷയങ്ങള്‍'.
മേജര്‍ ഡി.എച്ച്. ബോബ് ബേണ്‍സ് ആണ് ഇതുവരെ ഉണ്ടായിട്ടുള്ള നഗരഘോഷകരില്‍ ഏറ്രവും വലിയ ശബ്ദത്തിന്‍റെ ഉടമ. ഇംഗ്ലണ്ടിലെ ചെഷയറില്‍ ജനിച്ച അദേഹം പിന്നീട് പട്ടാള ഓഫീസറായി. ബെര്‍മുഡയിലെ സെയിന്‍റ് ജോര്‍ജസില്‍ അവസാന നാളുകളില്‍ നഗരഘോഷകനായിരുന്ന അദ്ദേഹം 1993 ല്‍ അന്തരിക്കുമ്പോള്‍, ഏറ്റവും വലിയ മനുഷ്യശബ്ദത്തിനുടമയായിരുന്നു. 113
ഡെസിബെലിലേയ്ക്ക് സ്വന്തം ശബ്ദത്തെ ഉയര്‍ത്തി അദ്ദേഹം ഗിന്‍നെസ്സ് റെ ക്കോര്‍ഡിനുടമയായി.
ലോകത്തിന്‍റെ പലഭാഗത്തും പണ്ട് നഗരഘോഷകര്‍ ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ഒരു ചടങ്ങെന്നോണം ഈ രീതികള്‍ പരിപാലിച്ചും പോരുന്നുണ്ട്.
''ഓ...യ് ....യ്യേ ..... '' (Hear Ye.. എന്നര്‍ത്ഥം) എന്നുള്ള ശ്രദ്ധക്ഷണിക്കലിന്‍റെ വിവിധ അലര്‍ച്ചാരീതികള്‍ ഇന്‍റര്‍നെറ്റിലും ഇപ്പോള്‍ ലഭ്യമാണ്.
Suresh Nellikode
Tuesday, August 9, 2011
ചെമ്പന്‍ ചിന്തകള്‍
-സുരേഷ് നെല്ലിക്കോട്
ഇവന്‍ എന്റെ ചെമ്പന്‍ കുഞ്ഞ്.
ഇപ്പോള്‍ കണ്ടുകണ്ടിവനെന്നെ
പേടിയേയില്ല!
ആദ്യമൊക്കെ ഇവനെന്റെ
വാക്കുകള്‍ തട്ടിമറിച്ച്,
ആകാശത്തിലേയ്ക്കുയരുകയോ,
വെള്ളത്തിലേക്കൂളിയിടുകയോ
ചെയ്തിരുന്നു.
ഇപ്പോള്‍,
എന്റെ ചെമ്പനെന്നെ
പേടിയേയില്ല.
തൊട്ടാല്‍,
പഴയസ്നേഹമൊന്നുമില്ലല്ലോ
എന്നപോല്‍,
കണ്ണുകളടയ്ക്കും.
പിന്നെ,
ഞാന്‍ കേണാല്‍
കരയേണ്ടെന്നും
ഇങ്ങനെയല്ലേ വിമാനം
താഴേക്കിറങ്ങുന്നതെന്ന്
അനുകരിച്ചു കാണിക്കും.
അല്ലെങ്കില്‍,
പഴയതു പോലെ
വെള്ളത്തിലേയ്ക്കു മുങ്ങി,
കൊക്കിലൊരു
മീനുമായി വരും.
എന്നിട്ട്, ഞാന്‍ ചോദിച്ചാലോ,
അപ്പോള്‍ വിഴുങ്ങും.
ചിരിച്ചിട്ട്,
കണ്ണുകളിറുക്കി
അവന്‍ പറയുകയായിരുന്നു,
പസിഫിക്കിന്റെ ചെമ്പന്‍ കൂട്ടം
ഇപ്പോള്‍ സ്വതന്ത്രരാണെന്നും,
കൂട്ടത്തോടെ
പിന്നാലെയുണ്ടെന്നും!
-----------------
ശാപമോക്ഷം കിട്ടുന്ന വാക്കുകള്‍
-സുരേഷ് നെല്ലിക്കോട്
ഭരണമുന്നണിയുടെ ഹെഡ്മാസ്റ്ററായ ചീഫ് വിപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പെരുമാറുന്ന രീതി ഇനിയും കണ്ടിട്ടില്ലാത്തവര്‍ എത്രയും പെട്ടെന്ന് യൂ-റ്റ്യൂബിനു മുമ്പില്‍ ക്യൂ പാലിച്ച്, ടിക്കറ്റെടുത്ത് ഉള്ളില്‍ കയറേണ്ടതാണ്. ചില വാക്കുകളെ നാം തെറികളായി പ്രഖ്യാപിച്ച് പണ്ടുകാലം മുതലേ മാറ്റി നിറുത്തിയിരുന്നു. അവയാണെങ്കില്‍ ശാപമോക്ഷവും കാത്ത് നൂറ്റാണ്ടുകളായി അലഞ്ഞു തിരിയുകയായിരുന്നു. അമരകോശത്തിലും, നിഘണ്ടുവിലുമൊക്കെ കയറിക്കൂടാന്‍ ഒട്ടേറെ ശ്രമിച്ചിട്ടും അവ രക്ഷപെട്ടില്ല. വല്ലപ്പോഴും, മനുഷ്യര്‍ തമ്മില്‍ തല്ലുകൂടുമ്പോഴും ഇപ്പോള്‍ ആ വാക്കുകള്‍ ഉപയോഗിക്കാത്തതിനാല്‍, അവയ്ക്ക് വീണ്ടും അലഞ്ഞുതിരിയാനായിരുന്നു വിധി. ഇംഗ്ലീഷിലെ തെറികള്‍ പോലും ഡിക് ഷ്ണറിയിലും ഇന്‍റെര്‍നെറ്റിലും കിട്ടിത്തുടങ്ങിയെന്നൊരു ഹര്‍ജി കൊടുത്തിട്ടും അവ മലയാളം നിഘണ്ടുവിലേയ്ക്കൊന്നും പരിഗണിക്കപ്പെട്ടില്ല.
ഇപ്പോള്‍, പൂഞ്ഞാറിലെ വൈദ്യുതിയാപ്പീസില്‍ അവയ്ക്കൊന്നു നടു നിവര്‍ത്താന്‍ ഒരവസരം കിട്ടിയിരിക്കുന്നു. അതും ഔദ്യോഗികമായി, ഒരു പ്രധാനപ്പെട്ട ജനപ്രതിനിധി തന്നെ. തെറി കിട്ടിയത് കേരള കോണ്‍ഗ്രസ്സിന്‍റെയോ, കോണ്‍ഗ്രസ്സിന്‍റെയൊ തൊഴിലാളി സംഘടനകള്‍ക്കാണെന്നത് ഉറപ്പ്. മറ്റുള്ളവരാണെങ്കില്‍ ഒന്നു തിരിച്ചെങ്കിലും വാള്‍ വീശുമായിരുന്നു. അല്ല.. അതെങ്ങനെ വീശും അല്ലേ? വാളുവച്ചു കിടക്കുന്നവര്‍ ആരായാലും തിരിച്ചടിച്ചാല്‍ വിവരം അറിയുമല്ലോ! (കറണ്ട് പോയപ്പോള്‍, നന്നാക്കാതെ വാളുവച്ച് കിടന്നുറങ്ങിയതിനായിരുന്നല്ലോ, തെറിവിളി!) അപ്പോള്‍, വാദി വീണ്ടും പ്രതിയാകും. അങ്ങനെ, തിരിച്ച് മിണ്ടാതിരുന്നതുമാകാം. പിന്നെ, ഹെഡ് മാഷിന്‍റെ കൈയില്‍ തോക്കും ഉണ്ടാവാന്‍ സാധ്യതയുണ്ടല്ലോ. ഒരു ചോദ്യം ചെയ്യലിലൂടെ ജീവന്‍ കളയാന്‍ ആരെങ്കിലും മിനക്കെടുമോ?
അങ്ങനെ ഒരു തെറിക്ക് ജനപ്രതിനിധിയിലൂടെ ശാപമോക്ഷം കിട്ടിയിരിക്കുന്നു. ഈ യൂ-ട്യൂബ് ഒരു വല്ലാത്ത സാധനം തന്നെ! ഒരു സെന്‍സര്‍ഷിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് തന്നെ അത് ജനങ്ങളുടെ സിരകളില്‍ കയറി മത്തു പിടിപ്പിച്ചിരിക്കും.
മനോരമ റ്റീവിയിലെ ജോണി ലൂക്കോസ് ഇക്കാര്യം പറഞ്ഞ് അദ്ദേഹത്തെ ഒന്ന് നേരേ ചൊവ്വേയാക്കാനൊരു ശ്രമം നടത്തിയിട്ടും രക്ഷയില്ലാതായി. അദ്ദേഹം ഒരിഞ്ച് വിട്ടു കൊടുത്തില്ല. ചെയ്തത് അപ്പടിയും ശരിയെന്നു തന്നെ വാദം. മാത്രമല്ല, അതു പോരെന്നും, ഇവര്‍ക്കൊക്കെ അതില്‍ക്കൂടുതലായി എന്തെങ്കിലും ചെയ്യണം എന്ന ഒരു ആഗ്രഹം ബാക്കിയുണ്ടെന്നും. അപ്പോള്‍ എനിക്കൊരു സംശയം. ട്യൂബിലെ തെളിവും ഊറ്റിയെടുത്ത് ആരെങ്കിലും കോടതിയില്‍ പോയാല്‍ സാറ് കുടുങ്ങുകയില്ലേ? മനോരമയില്‍ പ്രത്യേകിച്ചും അത് നിഷേധിക്കാനുള്ള ഒരു ചാന്‍സ് അദ്ദേഹം കളഞ്ഞുകുളിച്ച സ്ഥിതിക്ക്. അല്ല.. അതെങ്ങനെ നിഷേധിക്കാന്‍ കഴിയും അല്ലേ, ട്യൂബ് ഇങ്ങനെ ലോകം മുഴുവന്‍ വാര്‍ത്ത പരത്തിയ സ്ഥിതിക്ക്? പിന്നെ, പല വീരന്മാരും പറഞ്ഞതു പോലെ ഉറക്കെയങ്ങ് നിഷേധിക്കണം. എന്നിട്ട് തന്‍റെ ശബ്ദമല്ല അതെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കണം. ആ ഒരു വഴി മാത്രമേ ബാക്കിയുള്ളു എന്നു ചിന്തിച്ചാലും ശരിയാവില്ല, മനോരമയില്‍ അത് നിഷേധിക്കാത്തിടത്തോളം കാലം.
എന്‍റെ ഒരുകാര്യം! മനുഷ്യമനസ്സൊരു കടിഞ്ഞാണില്ലാത്ത കുതിരയാണെന്ന് പണ്ടാരോ പറഞ്ഞതെത്ര ശരിയാണ്! ജോര്‍ജ് സാറിന്‍റെ സ്ഥാനത്ത് വെറുതെ ഞാന്‍ ഉമ്മന്‍ ചാണ്ടിയേയും, തിരുവഞ്ചൂരിനേയും, കെ.എം.മാണിയേയും ഒക്കെ സങ്കല്പിച്ചു നോക്കി രസിച്ചു. ഇവരൊക്കെ തിരുവനന്തപുരത്തേയും, കോട്ടയത്തേയും, പാലായിലേയും വൈദ്യുതിയാപ്പീസില്‍ കടന്നു കയറി ഇങ്ങനെയൊരു സ്പീച്ച് കൊടുക്കുന്നതിനെപ്പറ്റി. എന്തിന്, ഞങ്ങളുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായ കറിയാച്ചേട്ടനെപ്പോലും. ഛെ...ശരിയാകുന്നില്ല.
ആകെ മാച്ച് ആയ ഒരാള്‍ ആ കോടതിയെ ചീത്തവിളിച്ച ജയരാജന്‍ ചേട്ടനാണ്. കഴിഞ്ഞതിന്‍റെ മുമ്പിലെ തെരഞ്ഞെടുപ്പ് കാലത്ത് ആ പാവം എ.ഡി.എമ്മിന്‍റെ മേക്കേറി മേല്‍പ്പൂട്ടിടുന്ന രംഗം. അദ്ദേഹമൊഴിച്ച് മറ്റെല്ലാവരും ആ സ്ഥാനത്ത് ചേരാതെ മുഴച്ചു നില്‍ക്കുന്നു. പിന്നെ, കണ്ണൂര്‍ക്കാരന്‍ സുധാകരേട്ടനേയും കഷ്ടിച്ച് ഒപ്പിക്കാം. പക്ഷേ, അദ്ദേഹം എത്ര നിര്‍ബ്ബന്ധിച്ചാലും തെറി പറയുകയില്ല. അതൊഴിച്ച് എന്തു വേണമെങ്കിലും ചെയ്യും. വേണമെങ്കില്‍ രണ്ടു പൊട്ടിക്കാനും മടിക്കില്ല. ജോര്‍ജ് സാര്‍ പറഞ്ഞതുപോലെ, ജനങ്ങള്‍ക്ക് വേണ്ടിയല്ലേ, ഇതിലപ്പുറവും ചെയ്യാം. അങ്ങനെ നോക്കുമ്പോള്‍, ജോര്‍ജ് സാറിന്, ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി തെറിവിളിയില്‍ ഒരു വെല്ലുവിളി ജയരാജന്‍ ചേട്ടന്‍റെ പക്ഷത്തു നിന്നു മാത്രമേയുള്ളു.
അല്ലെങ്കില്‍ത്തന്നെ, ഈ തെറീന്നൊക്കെ പറയണത് എന്താ? രണ്ടോ, മൂന്നോ അക്ഷരം ചേര്‍ത്തൊരു വാക്കുണ്ടാക്കി, അവയ്ക്ക് ഭ്രഷ്ട് കല്‍പ്പിക്കുക. അതിലെന്തുകാര്യം. യൂറോപ്പിലും അമേരിക്കയിലുമൊക്കെ വെള്ളക്കാരന്‍ വര്‍ത്തമാനത്തിനിടെ സമൃദ്ധമായി ഒരു 'നാലക്ഷരവാക്ക്' ഉപയോഗിക്കും. അതിന് ആണെന്നോ, പെണ്ണെന്നോ, അച്ഛനെന്നോ, അമ്മയെന്നോ വ്യത്യാസമില്ല. ബാങ്കിലും, സ്കൂളിലുമൊക്കെ സ്ഥിരമുപയോഗിക്കുന്ന ആ വാക്ക്, ഗള്‍ഫിലെ പൊതുസ്ഥലത്തൊക്കെ പ്രയോഗിക്കുമ്പോള്‍ അവന്മാരെയൊക്കെ വിരട്ടി, ഞങ്ങള്‍ ക്ഷമ പറയിക്കാറുണ്ട്.
എന്നാലും ഒരു ശങ്ക ബാക്കി. ജനപ്രതിനിധികളൊക്കെ സംശയാതീതമായും നല്ല പെരുമാറ്റത്തിന്‍റെ ഉടമകളാവേണ്ടതല്ലേ? അവര്‍,ഡിക് ഷ്ണറിയിലില്ലാത്ത വാക്കുകള്‍ പ്രയോഗിക്കാന്‍ പാടുണ്ടോ?
Subscribe to:
Posts (Atom)