Monday, November 3, 2008

പൂച്ചയ്ക്കും പ്രാണവേദന...


കുട്ടിക്കാലത്ത് ഒരു പൂച്ച. അമ്മയോട് എത്ര കെഞ്ചിയതാണു്‌! നടന്നില്ല.

കഴിഞ്ഞ അവധിക്കാലത്ത്‌ ദേവയാനി പ്രസവിച്ചു. നാലു കുട്ടികള്‍. നല്ല പാണ്ടന്മാരും പാണ്ടിക്കുടുക്കകളുമായി അവരങ്ങനെ തിരിഞ്ഞും മറിഞ്ഞും കളിച്ചു. പടിപ്പുരയുടെ വരാന്തയില്‍ പഴയ സമ്മന്തക്കാരന്റെ ധാര്‍ഷ്ട്യങ്ങളുമായി കചന്‍. ദേവയാനിയുടെ മാര്‍‍ജ്ജാരകിശോരന്യായങ്ങളില്‍ അസ്വസ്ഥനായി അവന്‍ ഇടയ്ക്കിടെ നാലുകാലില്‍ വലിഞ്ഞു നിവര്‍ന്നു കോട്ടുവായിട്ടു.
പിന്നെ, കിട്ടിയ തക്കത്തില്‍ ഓരോന്നോരോന്നായി മക്കളെ നാലിനേയും അവന്‍ പൊക്കിയെടുത്തു ശാപ്പിട്ടു. പിന്നെ ദേവയാനിക്കു ഡിവോഴ്സ് നോട്ടീസും.
ആ കരച്ചിലില്ലേ? പുത്രദു:ഖത്താല്‍ ജന്മാന്തരങ്ങളെ കുലുക്കിയ മാര്‍ജ്ജാരീവിലാപം! ആരേയും ആര്‍ദ്രനയനരാക്കുമായിരുന്നു അത്.

ദേവയാനിക്കു വേണ്ടി അമ്മ, കചനെത്തേടി വടിയുമായി കാത്തിരുന്നു. കൊല്ലാനൊന്നുമല്ല. "അവനിത്തിരി വേദന അറിയണം, അത്രയോള്ളു"

കചന്‍ നാടു വിട്ടെന്നു കേള്‍വി.

പിന്നെ, അവന്‍ അവളുടെ കൊടും ശാപത്തിന്റെ സപ്തസിന്ധുക്കളില്‍ ശ്വാസം മുട്ടി മുങ്ങിത്താഴ്ന്നതായി ഞങ്ങള്‍ സ്വപ്നം കണ്ടു സമാധാനിച്ചു.

(ഞങ്ങളുടെ പങ്കനും പങ്കിയുമാണ്‌ (കോട്ടയം വാഹനവകുപ്പാപ്പീസിലെ ഉമാശങ്കറും ചേര്‍ ത്തലയിലുള്ള രാജേശ്വരി കര്‍ത്തായും) സകല കാക്കയ്ക്കും, പൂച്ചയ്ക്കും, നാട്ടുകാര്‍ക്കുമെല്ലാം അവിസ്മരണീയങ്ങളായ പേരുകളിട്ടിരുന്നത് !)‌ ‍

//രാം മോഹന്‍ പാലിയത്തിന്റെ 'മ്യാവൂ'വിനു്‌ അനുബന്ധകമാണിതു്‌.//